ബംഗളൂരു/ജയ്പുര്‍: 2025-26 സീസണ് വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ആദ്യദിനം ക്രിസ്മസ് വെടിക്കെട്ട്. ഒരു ഇരട്ട സെഞ്ചുറി അടക്കം 22 സെഞ്ചുറികളാണ് ഇന്നലെ നടന്ന 18 മത്സരങ്ങളിലായി പിറന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം ദേവ്ദത്ത് പടിക്കല്‍, ഇഷാന് കിഷന്, കൗമാര വിസ്മയം വൈഭവ് സൂര്യവംശി, കേരളത്തിന്റെ വിഷ്ണു വിനോദ് തുടങ്ങിയവര്‍ ഇന്നലെ സെഞ്ചുറിത്തിളക്കം സ്വന്തമാക്കി. സൗരാഷ്ട്രയ്ക്കെതിരേ ഒഡീഷയുടെ സ്വസ്തിക് സമലിന്റെ (169 പന്തില്‍ 212) വകയായിരുന്നു ഇരട്ട സെഞ്ചുറി.
32 പന്തില്‍ സെഞ്ചുറിയുമായി ബിഹാറിന്റെ സാക്കിബുള്‍ ഗാനി ലിസ്റ്റ് എയില്‍ ഒരിന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചുറി എന്ന ചരിത്രം കുറിച്ചു. 33 പന്തില്‍ സെഞ്ചുറിയുമായി ജാര്‍ഖണ്ഡിന്റെ ഇഷാന് കിഷന് അതിവേഗത്തിലുള്ള രണ്ടാം സെഞ്ചുറി എന്ന റിക്കാര്‍ഡും സ്വന്തമാക്കി.
സച്ചിനെ കടന്ന് കോഹ്ലി
15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി ഇറങ്ങിയ വിരാട് കോഹ്ലി ആന്ധ്രപ്രദേശിന് എതിരായ മത്സരത്തില്‍ 101 പന്തില്‍ 131 റണ്‍സുമായി ഡല്‍ഹിയെ ജയത്തിലെത്തിച്ചു. മൂന്നു സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ സെഞ്ചുറി ഇന്നിംഗ്സ്. ഇന്നിംഗ്സിനിടെ ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ, ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗം 16,000 റണ്‍സ് എന്ന റിക്കാര്‍ഡ് തകര്‍ത്തു. 391 ഇന്നിംഗ്സിലായിരുന്നു ലിസ്റ്റ് എ ക്രിക്കറ്റില്‍ സച്ചിന് 16,000 റണ്‍സ് കടന്നത്. 330-ാം ഇന്നിംഗ്സില്‍ കോഹ്ലി ഈ നേട്ടത്തിലെത്തി റിക്കാര്‍ഡ് തിരുത്തി.
മത്സരത്തില്‍ ഡല്‍ഹി 74 പന്ത് ബാക്കിവച്ച് നാല് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോര്‍: ആന്ധ്ര 50 ഓവറില്‍ 298/8. ഡല്‍ഹി 37.4 ഓവറില്‍ 300/6. ആന്ധ്രയുടെ റിക്കി ബുവി (105 പന്തില്‍ 122) സെഞ്ചുറി നേടിയിരുന്നു.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 150+ സ്കോര്‍ എന്ന റിക്കാര്‍ഡില്‍ (9) ഓസ്ട്രേലിയന്‍ മുന്‍താരം ഡേവിഡ് വാര്‍ണറിന്റെ ഒപ്പം രോഹിത് ശര്‍മ എത്തി. സിക്കിമിന് എതിരായ മത്സരത്തില്‍ 94 പന്തില്‍ ഒമ്പത് സിക്സും 18 ഫോറും അടക്കം രോഹിത് 155 റണ്‍സ് എടുത്തതോടെയാണിത്. നേരിട്ട 62-ാം പന്തിലായിരുന്നു രോഹിത്തിന്റെ സെഞ്ചുറി.
വിജയ് ഹരാസെ ട്രോഫിയില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായമുള്ള രണ്ടാമന് എന്ന നേട്ടത്തിനും 38 വര്‍ഷവും 238 ദിനവുമുള്ള രോഹിത് അര്‍ഹനായി. ഏഴ് വര്‍ഷത്തിനുശേഷമാണ് രോഹിത് വിജയ് ഹസാരെ ട്രോഫിയില്‍ ഇറങ്ങുന്നത്.
മത്സരത്തില്‍ മുംബൈ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോര്‍: സിക്കിം 50 ഓവറില്‍ 236/7. മുംബൈ 30.3 ഓവറില്‍ 237/2. ഐസിസി 2027 ഏകദിന ലോകകപ്പ് ടീമിലേക്കുള്ള അവകാശവാദം ഈ സെഞ്ചുറിയോടെ കോഹ്ലിക്കൊപ്പം രോഹിത്തും നടത്തിയെന്നതും ശ്രദ്ധേയം. മത്സരത്തില്‍ രോഹിത്തിന്റെ ഇന്നിംഗ്സിനിടെ ഗാലറിയില്‍നിന്ന് ആരാധകര്‍ “ഗംഭീര്‍ താങ്കള്‍ ഇതു കാണുന്നുണ്ടോ’’ എന്ന മുദ്രാവാക്യം മുഴക്കിയതും ശ്രദ്ധേയമായി.
ചരിത്രവൈഭവം
പുരുഷ ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡില്‍ ബിഹാറിന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. അരുണാചല്‍പ്രദേശിന് എതിരായ മത്സരത്തില്‍ 84 പന്തില്‍ 15 സിക്സും 16 ഫോറും അടക്കം വൈഭവ് സൂര്യവംശി 190 റണ്‍സ് അടിച്ചുകൂട്ടി. നേരിട്ട 36-ാം പന്തിലായിരുന്നു സൂര്യവംശി സെഞ്ചുറി തികച്ചത്. ലിസ്റ്റ് എയില്‍ സൂര്യവംശിയുടെ ഏഴാമത് മത്സരമായിരുന്നു.
ഈ വര്‍ഷം സൂര്യവംശിയുടെ ഏഴാം സെഞ്ചുറിയാണ്.
ലിസ്റ്റ് എയില്‍ അതിവേഗം 150 റണ്‍സ് എന്ന ലോക റിക്കാര്‍ഡിനും ഈ കൗമാരതാരം അര്‍ഹനായി. 59 പന്തിലായിരുന്നു സൂര്യവംശി 150 കടന്നത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്സ് 2015ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ 64 പന്തില്‍ 150 കടന്ന റിക്കാര്‍ഡ് ഇതോടെ സൂര്യവംശി തിരുത്തി. 2022ല്‍ നെതര്‍ലന്‍ഡ്സിന് എതിരേ 65 പന്തില്‍ 150 കടന്ന ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ബിഹാര്‍ 574/6, ചരിത്രം
സൂര്യവംശിക്കു പിന്നാലെ ആയുഷ് ലോഹരുക്ക (56 പന്തില്‍ 116), സാക്കിബുള്‍ ഗാനി (40 പന്തില്‍ 128 നോട്ടൗട്ട്) എന്നിവരും സെഞ്ചുറി കുറിച്ചതോടെ അരുണാചല്‍പ്രദേശിന് എതിരേ ബിഹാര്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സ് കുറിച്ചു. പുരുഷ ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
32 പന്തിലായിരുന്നു ഗാനി സെഞ്ചുറിയിലെത്തിയത്, ലിസ്റ്റ് എയില്‍ ഒരിന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചുറി. മത്സരത്തില്‍ ബിഹാര്‍ 397 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. സ്കോര്‍: ബിഹാര്‍ 50 ഓവറില്‍ 574/6. അരുണാചല്‍പ്രദേശ് 42.1 ഓവറില്‍ 177.
റിക്കാര്‍ഡ് ചേസിംഗ്
നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടകയ്ക്ക് എതിരേ ജാര്‍ഖണ്ഡിനായി ആറാം നമ്പറില്‍ ക്രീസില്‍ എത്തിയായിരുന്നു 33 പന്തില്‍ ഇഷാന് കിഷന് സെഞ്ചുറിയിലെത്തിയത്. 39 പന്തില്‍ 14 സിക്സും ഏഴ് ഫോറും അടക്കം ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ 125 റണ്‍സ് നേടി. 118 പന്തില്‍ 147 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിലൂടെ കര്‍ണാടക തിരിച്ചടിച്ച് ജയം സ്വന്തമാക്കി.
കൂറ്റന്‍ സ്കോര്‍ പിന്തുടര്ന്ന് കര്‍ണാടകയ്ക്ക് അഞ്ച് വിക്കറ്റ് ജയം സമ്മാനിച്ച ദേവ്ദത്ത് പടിക്കലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: ജാര്‍ഖണ്ഡ് 50 ഓവറില്‍ 412/9. കര്‍ണാകട 47.3 ഓവറില്‍ 413/5. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ ചേസാണ് കര്‍ണാടക ഇന്നലെ നടത്തിയത്. 2006ല്‍ ഓസ്ട്രേലിയയ്ക്ക് എതിരേ ദക്ഷിണാഫ്രിക്ക 435 ചേസ് ചെയ്തതാണ് റിക്കാര്‍ഡ്.
അതേസമയം, ഒഡീഷയുടെ സ്വസ്തിക് സമലിന്റെ (212) ഇരട്ടസെഞ്ചുറി പാഴായി. സമ്മര്‍ ഗജ്ജാറിലൂടെ (118 പന്തില്‍ 132 നോട്ടൗട്ട്) തിരിച്ചടിച്ച സൗരാഷ്ട്ര അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോര്‍: ഒഡീഷ 50 ഓവറില്‍ 345/6. സൗരാഷ്ട്ര 48.5 ഓവറില്‍ 347/5.